ഒരു വൈകുന്നേരത്തിന്റെ ഓർമ്മക്ക്!!
"ഞാൻ പോകുന്നു.. "
ഏറ്റവും മനോഹരമായ ഭാഷയിൽ അദ്ദേഹം അത് പറഞ്ഞുനിർത്തി.
പിടിച്ചുനിർത്തണമെന്നുണ്ടായിരുന്നു...
പക്ഷേ,
വിരലുകൾ അനങ്ങിയില്ല.
നിസ്സഹായമായൊരു ദീർഘനിശ്വാസത്തിന്റെ അറ്റത്തു നീർകുമിള പോലെ നുരഞ്ഞുപൊന്തിയ
ശ്വാസം ഉള്ളിലേക്കെടുക്കാനാവാതെ,
എന്തുപറയണമെന്നറിയാതെ ഞാൻ കുഴഞ്ഞുനിന്നു.
മുന്നിൽ നിശബ്ദതയാണ്.
"സാരമില്ല നിങ്ങൾ പോയി വരൂ..."
തിരിച്ചുനടക്കുമ്പോൾ ചുറ്റിലും ഇരുട്ടായിരിക്കുന്നു.
ചായക്കടയുടെ പുറകിലുള്ള മതിലിനോട് ചേർന്ന് നിൽക്കുന്ന പോസ്റ്റിൽ ഒരു ബൾബ് തൂങ്ങികിടന്ന് പ്രകാശം പരത്തുന്നുണ്ടായിരുന്നു.
"എങ്ങോട്ടേക്ക് വരാനാണു ഞാൻ അയാളോട് പറഞ്ഞിരിക്കുന്നത്."
"തിരിച്ചു വരാനും പോകാനും അയാൾക്കിവിടെ ഇനി ഒരു ഹൃദയവും ബാക്കിയില്ലലോ..? "
തിരിച്ചു നടക്കുമ്പോൾ ഞാൻ വെറുതെയോർത്തു.
വഴിയോരത്തെ സിമന്റ് ബെഞ്ചിലിരുന്ന് ഒരു സ്ത്രീ പല നിറത്തിലുള്ള പൂക്കൾ വിൽക്കുന്നുതു കണ്ടു.
"ആത്മാവ് വറ്റിയ മനുഷ്യർ ഇനി പൂക്കൾ പരസ്പരം പങ്കുവെക്കുമോ..? "
"രാത്രിയിൽ കണ്ട സ്വപ്നങ്ങളെ കുറിച്ചോ
തമ്മിൽ വായിച്ചുതീർത്ത പുസ്തകങ്ങളെ കുറിച്ചോ, മധുരപലഹാരങ്ങളെ കുറിച്ചോ ഇനി അവർ സംസാരിക്കുമോ...? "
ഇല്ലായിരിക്കാം...
എങ്കിലും
ഓർമ്മകളുടെ ഏറ്റവും അവസാനത്തെ കോണിൽ നിന്നും അദ്ദേഹം ഇറങ്ങിപോകുന്നതുവരെ
എന്റെ കവിതകളിൽ നിറയെ ഞാനും അദ്ദേഹവുമുണ്ടായിരിക്കും.
പെട്ടന്ന്,
ഹോണടിച്ചുകൊണ്ട് പുറകിൽ നിന്നും ഒരു ബസ്സുവന്നു.
ഞാനതിൽ കയറി ജനലിനോരം ചേർന്നിരുന്നു..
ഓർമ്മകളുടെ കുത്തൊഴുകിൽ ആണ്ടുപോയ മനസിനെ പിടിച്ചുനിർത്താൻ ഞാൻ പാടുപെട്ടുകൊണ്ടിരുന്നു.
പുറത്തുനിന്നു വീശിയടിച്ച കാറ്റിൽ പതിയെ എപ്പഴോ
ഞാനുറങ്ങിപോയി.
Comments
Post a Comment