പുസ്തകനിരൂപണം, അർദ്ധനാരീശ്വരൻ!!
അർദ്ധനാരീശ്വരൻ
പെരുമാൾ മുരുകൻ
പെരുമാൾ മുരുകൻ എന്ന എഴുത്തുകാരനെ പരിചയമില്ലാത്ത വായനക്കാർ വളരെ ചുരുക്കമാ യിരിക്കും. ശക്തവും വിപ്ലവകരവുമായ എഴുത്തിലൂടെ സാമൂഹികപരമായും സാംസ്കാരികപരമായും രാഷ്ട്രീയപരമായും തമിഴ് സാഹിത്യത്തെ മറ്റൊരു തലത്തിൽ ഉയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. സമൂഹത്തിന്റെ ജീർണ്ണതകളെ പൊളിച്ചെഴുതിയ അദ്ദേഹത്തിന് പല ജാതിമത സംഘടനകളുടെ സമ്മർദ്ദം മൂലം "പെരുമാൾ മുരുകൻ എന്ന എഴുത്തുകാരൻ മരിച്ചെന്ന് " പൊതുവേദിയിൽ വെച്ച് പ്രഖ്യാപിക്കേണ്ടതായി വരെ വന്നിട്ടുണ്ട്.
തമിഴിൽ മാതൊരുഭാഗൻ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് അർദ്ധനാരീശ്വരൻ.
നോവലിലെ മുഖ്യ കഥാപാത്രങ്ങളായെത്തുന്നത് ഭാര്യ ഭർത്താക്കന്മാരായ പൊന്നാളും കാളിയുമാണ്. ദാമ്പത്യ ജീവിതത്തിൽ കുട്ടികളുണ്ടാവാത്തതിനെ ചൊല്ലി അവർക്ക് അനുഭവിക്കേണ്ടിവരുന്ന ദുഃഖത്തിന്റെ തീവ്രത കഥാകാരൻ നമുക്കു കാണിച്ചു തരുന്നുണ്ട്. അവരുടെ ദുഃഖത്തേക്കാളുപരി മറ്റുള്ളവരിൽ നിന്നുയരുന്ന കുത്തുവാക്കുകളും അവരുടെയുള്ളില്‍ അതുണ്ടാക്കുന്ന നീറ്റലും അതിനു പരിഹാരമായിവരുന്ന ദൈവീകതയുടെ മൂടുപടമണിഞ്ഞ പൊള്ളയായ ആചാരം മനുഷ്യബന്ധങ്ങളിൽ തീർക്കുന്ന വ്യാകുലതകളും വിള്ളലുകളും അതിന്റെ പച്ച ഗന്ധം വിട്ടുമാറാതെ കഥാകാരൻ അവതരിപ്പിക്കുന്നു. കഥയിലെ പൂവരശുമരം പടർന്നുപന്തലിച്ച് വീടിന്റെ തണലായി നിൽക്കുന്ന പോലെ കാളി എല്ലാ വ്യാകുലതകൾക്കിടയിലും പൊന്നാളെ ചേർത്തുനിർത്തി. ഊഷ്മളമായ സ്നേഹം പങ്കുവെച്ചുകൊണ്ട് രണ്ടുപേരും ഇരുവർക്കും താങ്ങും തണലുമായി ജീവിച്ചു. എങ്കിലും കുട്ടികളുണ്ടാവണമെന്ന ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം അവരുടെ പരസ്പര വിശ്വാസം നശിപ്പിക്കുകയും ജീവിതം തകർക്കുകയുമാണ്. കുട്ടികളില്ലാത്തതിന്റെ പേരിൽ സമൂഹത്തിന്റെ പൊതു ഇടങ്ങളിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുകയും മാറ്റിനിർത്തലുകൾ അനുഭവിക്കേണ്ടി വരുകയും ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ കുട്ടികൾ ഉണ്ടാവേണ്ടത് ജൈവികമായ ഒരു പ്രക്രിയയിലുപരി ദാമ്പത്യ ജീവിതത്തിൽ നിർബന്ധിത ഘടകമാവുകയാണ് കഥയിൽ.
കുട്ടികൾ ഉണ്ടാവാത്തത് ശാപം മൂലമാ ണെന്നുള്ള വിശ്വാസം ഏതു വിധേനയും ഒരു കുട്ടി വേണമെന്നുള്ള നിലയിലേക്കെ ത്താൻ അവരെ പ്രേരിപ്പിക്കുകയാണ്. ഉത്സവത്തിന്റെ അവസാന നാളിൽ മലയിറങ്ങി വരുന്ന ദൈവം നൽകുന്ന സന്താനഭാഗ്യം ഐശ്വര്യമായും അനുഗ്രഹമായും കാണുന്നിടത്ത് ദൈവീ കതയുടെ മൂടുപടം പൊളിച്ചെഴുതുകയും അതിലൊളിഞ്ഞിരിക്കുന്ന കപടമായ വിരുദ്ധത നോവൽ തുറന്നു കാണിക്കുകയും ചെയ്യുന്നു.
ഒരു സമൂഹം കാലങ്ങളായി അനുഷ്ഠിച്ചു പോരുന്ന വിശ്വാസത്തെ ഇഴ കീറി പരിശോധിക്കുകയാണ് എഴുത്തുകാരൻ ഇവിടെ ചെയ്യുന്നത്. വിശ്വാസങ്ങൾ എന്ന നൂലാമാലയിൽ കുരുങ്ങി ശ്വാസംമുട്ടി ജീവിതം തകരുന്ന പൊന്നാളെയും കാളിയെയും കഥയുടെ അവസാനത്തിൽ കാണാൻ സാധിക്കും.
കുട്ടികളുണ്ടാകാൻ വേണ്ടിയുള്ള ഒരു വ്യവസ്ഥിതി മാത്രമല്ല വിവാഹം. മറിച്ച് പരസ്പര സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും കരുതലിന്റെയും വിശ്വാസത്തിന്റെയും ഇടമായി വേണം അവ പരിണമിക്കാൻ. എന്നാൽ ആടുമാടുകൾ പെറ്റു പെരുകുന്ന പോലെ ഒരു രാത്രി കിടന്നെണീക്കുമ്പോൾ സ്ത്രീ ഗർഭിണിയാകുന്നതിനെ മഹത്വവൽക്കരിക്കുന്ന സമൂഹത്തിനെ എഴുത്തുകാരൻ നോവലിൽ കാണിച്ചുതരുന്നു. ഒരുപാട് വിവാദങ്ങൾക്കും എതിർപ്പുകൾക്കും ഇടയിൽ നിന്നുകൊണ്ട് നൂറ്റാണ്ടുകളായി ഒരു സമൂഹം ആവർത്തിച്ചു പോന്ന വിശ്വാസത്തിന്റെ കപടതയിൽ കുടുങ്ങിയ ദൈവീക പരിവേഷമണിഞ്ഞ ആചാരത്തിന്റെ ജീർണ്ണതകളെ തുറന്നു കാണിക്കുകയാണ് അർദ്ധനാരീശ്വരനിലൂടെ പെരുമാൾ മുരുകൻ.
Comments
Post a Comment